professional lies
എൻ്റെ കൂട്ടുകാരിയുടെ ചേച്ചിയുടെ അനുഭവം ആണ്, പുള്ളിക്കാരി ബാംഗ്ലൂരിൽ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യണു. പുള്ളിക്കാരീടെ കീഴിൽ ഒരു 10-20 പേർ ജോലി ചെയ്യുന്നുണ്ടാവം, ചേച്ചി പറയണത് വച്ചിട്ട് സകലതും മഹാ ഉടായിപ്പ് ആണ്. അങ്ങനെ ഒരു ഉടായിപ്പ് പിൺകുട്ടി പറഞ്ഞ ഒരു (നുണ)-ക്കഥ ആണ് പറയാൻ പോകുന്നത്.
തുടർച്ചയായി അവധികളും ഒഴിവുകളും വന്നപ്പോൾ മാനേജർ കഥാനായികയെ വിളിച്ച് കാര്യം തിരക്കിയപ്പോൾ ആണ് അറിയുന്നത് വിഷയം ഗൗരവം ആണെന്ന്. ഈ കുട്ടിക്ക് തുടരച്ചയായി അവധി എടുക്കണ്ടി വരുന്നതും, സമയാസമായത്ത് ജോലി തീർത്ത് കൊടുക്കാൻ പറ്റാത്തതും അവളുടെ കുഴപ്പം കൊണ്ടല്ല.
അവളുടെ കൂടെ ഒരു ജിന്ന് കൂടിയിരിക്കുകയാണത്രേ! ജിന്ന് ആണേൽ ഇവളെക്കൊണ്ട് ഒരു പണിയും എടുക്കാൻ സമ്മതിക്കില്ല, ഒരു നേരം ഒറ്റക്ക് ഇരിക്കാൻ പോലും സമ്മതിക്കില്ലാത്തത്ര ഭയങ്കര ശല്യം.
അങ്ങനെ ഈ കുട്ടി സൗദിയിൽ നിന്നും 1.5 ലക്ഷം രൂപ കൊടുത്ത് വേറെ ഏതോ ഉടയിപ്പിനെ വരുത്തി ജിന്നിനെ ഒഴിപ്പിക്കാൻ ശ്രമിച്ചു, അങ്ങനെ ആണ് അറിയണത് ഇത് ഇന്നും ഇന്നലേം ഒന്നും തുടങ്ങിയതല്ല കഴിഞ്ഞ 10 കൊല്ലമായി ജിന്ന് പെങ്ങടെ പുറകെ ആത്മാർത്ഥ പ്രണയവുമായി നടക്കുവാന്ന്. പുള്ളി പറഞ്ഞു തൽക്കാലം അങ്ങേർക്ക് പറ്റണപോലെ ഒഴിപ്പിക്കാൻ നോക്കാം പക്ഷെ പോകുമെന്ന് ഗ്യാരണ്ടി ഒന്നൂല്ലാന്ന്.
പക്ഷേ സംഭവം ഏറ്റു. ഉസ്താദ് സൗദിക്ക് ജിന്നിനേം കൊണ്ട് പോയ തക്കം നോക്കി അവൾടെ വീട്ടുകാർ ശടപടേന്ന് അവൾടെ കല്യാണം നടത്തി. അങ്ങനെ കൊറേ നാളത്തെ കഷ്ടപ്പാടിനു ശേഷം ജിന്ന് ഒഴിഞ്ഞ് പോയ സന്തോഷം കൊണ്ട് ജീവിതം ഒന്ന് ട്രാക്കിൽ ആയി, ജോലി ഒക്കെ മെനക്ക് ചെയ്യാമെന്ന് ആയപ്പോ ആണ്, ദേണ്ടെ കെടക്കണ് കെട്ടിയോന് അപസ്മാരം, ജിന്നിൻ്റെ വമ്പൻ തിരിച്ചുവരവ്.
ഇത്രയും കേട്ട മാനേജർ ചേച്ചി പൊട്ടിച്ചിരിക്കണോ പേടിച്ച് കരയണോ എന്ന് ഇതിവ്രത്തവ്യഥാമൂഢയായി നിക്കുമ്പോ അതാ അവസാനത്തെ ആണിയും. ഇപ്പോ നമ്മുടെ ഫോൺ സംഭാഷണം തൊട്ട് പുറകിൽ നിന്ന് ജിന്ന് കേക്കണൊണ്ട്, കണ്ടിട്ട് പുള്ളി കൊറച്ച് കലിപ്പിലാന്ന്!
മോൾ ഒന്നുകൊണ്ടും പേടിക്കണ്ട, ഇപ്പോ പറഞ്ഞതൊക്കെ മോൾ ഒരു ഈമെയിൽ ആയി അയച്ച് താ, എക്സപ്ഷൻ ഞാൻ മേടിച്ച് തരാം എന്നും പറഞ്ഞ് ചേച്ചി തടി ഊരി!
എന്താലേ! വീട്ടിൽ കരണ്ട് ഇല്ലാന്നും നെറ്റ് ഇല്ലാന്നും ഒക്കെ ബാലിശമായ കള്ളങ്ങൾ പറയണ നമ്മളൊക്കെ വെറും ശിശുക്കൾ!